അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അധിനിവേശം സസൂക്ഷ്മം നിരീക്ഷിച്ച് അജിത് ഡോവലും സംഘവും. കാബൂള്‍ പിടിച്ചതോടെ അഫ്ഗാനില്‍ ഇനി അവരുടെ യുഗം വരുമെന്ന് ഉറപ്പാണ്. അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തു നടപടികള്‍ കൈക്കൊള്ളണം എന്ന കാര്യത്തില്‍ അടക്കം ഇന്ത്യ തീരുമാനം കൈക്കൊള്ളും. അതേസമയം അഫ്ഗാനിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്ന ദൗത്യം രാജ്യം ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളില്‍ നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. കാബൂളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതില്‍ തീരുമാനം വൈകാതെയെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വരെ ഭീകരരുടെ ആധിപത്യം ഉറച്ചതോടെ എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കാബൂള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ പോലും അവര്‍ കൂട്ടംകൂടുന്ന സ്ഥിതിയാണുള്ളത്. പ്രസിഡണ്ട് നാടുവിട്ട വാര്‍ത്ത പുറത്തായതോടെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളങ്ങളിലേക്ക് ആയിരക്കണക്കിന് വിദേശികളും ഒഴുകിയെത്തി.അമേരിക്കന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കന്‍ അമേരിക്കന്‍ സൈന്യവും രംഗത്തെത്തിയതോടെ വിമാനത്താവള പരിസരങ്ങളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. വാണിജ്യ വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായും സൈനിക വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതെന്നും നാറ്റോ വക്താവ് അറിയിച്ചു. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുപോകാന്‍ ആവശ്യമായ സഹായങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് നാറ്റോയാണ്.
അതേസമയം അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ച് സൗദിയിലെത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും അസ്ഥിരമായ അവസ്ഥകളും കാരണമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സൗദി എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്വദേശത്തേക്ക് തിരിച്ചു കൊണ്ടുവന്നത്. എല്ലാവരും പൂര്‍ണ ആരോഗ്യത്തോടെ സൗദിയിലെത്തിയതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
#worldnews #kabuldelhiflight #afghancrisis
0 Comments